അവഗണിക്കപ്പെടാന് വിധിക്കപ്പെട്ടവരാണ് പാരലല് കോളജ് വിദ്യാര്ഥികള്. കാലങ്ങളായി ഈ അവഗണനപേറി അതുശീലമായ വിദ്യാര്ഥികളും അവരുടെ രക്ഷിതാക്കളും ചോദ്യം ചെയ്യാതെ എല്ലാം അനുഭവിക്കുന്നു.
"സാമൂഹിക നീതി' നടപ്പാക്കാന് വെന്പല്കൊള്ളുന്ന ഭരണകൂടവും വിവിധരാഷ്ട്രീയ പ്രവര്ത്തകരും സമാന്തരവിദ്യാര്ഥികളുടെ സാമൂഹികനീതിയെച്ചൊല്ലി വേവലാതിപ്പെട്ടുകണ്ടിട്ടില്ല. രണ്ടുതരം പൗരന്മാര് സ്വാഭാവിക രാജ്യനീതിയാണെന്ന നിലപാടാണ് മതാചാര്യന്മാര്ക്കുപോലും. അങ്ങനെയല്ലെങ്കില് സമാന്തരവിദ്യാര്ഥികളുടെ പേരില് ആരെങ്കിലും ശബ്ദമുയര്ത്തിയേനെ. എക്കാലവും രാജ്യനീതിയെന്നത് തുല്യതയല്ല.
"സാമൂഹിക നീതി' നടപ്പാക്കാന് വെന്പല്കൊള്ളുന്ന ഭരണകൂടവും വിവിധരാഷ്ട്രീയ പ്രവര്ത്തകരും സമാന്തരവിദ്യാര്ഥികളുടെ സാമൂഹികനീതിയെച്ചൊല്ലി വേവലാതിപ്പെട്ടുകണ്ടിട്ടില്ല. രണ്ടുതരം പൗരന്മാര് സ്വാഭാവിക രാജ്യനീതിയാണെന്ന നിലപാടാണ് മതാചാര്യന്മാര്ക്കുപോലും. അങ്ങനെയല്ലെങ്കില് സമാന്തരവിദ്യാര്ഥികളുടെ പേരില് ആരെങ്കിലും ശബ്ദമുയര്ത്തിയേനെ. എക്കാലവും രാജ്യനീതിയെന്നത് തുല്യതയല്ല.
കാലങ്ങളോളം ഈ അനീതിസഹിച്ചു ജീവിച്ചാല് പിന്നെയത് ശീലമാകുകയാണ് പതിവ്. സാമൂഹിക പരിഷ്കര്ത്താക്കള് എത്ര ശ്രമിച്ചാലും ഇതിനു പരിഹാരം കാണാന് ഇതുവരെയായിട്ടില്ല. സമാന്തര മേഖലയുടെ കാര്യം വരുന്പോള് ശബ്ദിക്കാന് ഭരണാധികാരികളോ, രാഷ്ട്രീയപ്രവര്ത്തകരോ, മതാചാര്യന്മാരോ, സാമൂഹികപരിഷ്കര്ത്താക്കളോ ഇല്ല. ഇനിയും ഒരു "രക്ഷകനെ' തേടി കാത്തിരിക്കുന്ന സമാന്തരക്കാര് വ്യാജപ്രവാചകന്മാരെമാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്.
ഇതിനൊരറുതിവരുത്താന് പാരലല് കോളജ് അസോസിയേഷന് ജില്ലാ സംസ്ഥാനതലത്തില് ശ്രമിക്കുന്നണ്ടെങ്കിലും ഭാഗികമായ വിജയം മാത്രമേ നേടാനായിട്ടുള്ളു. ഇത് അസോസിയേഷന്റെ കഴിവുകുറവിലേക്കല്ല വിരല്ചൂണ്ടുന്നത്. അടിമുടി അനീതിയില് മുങ്ങിനില്ക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ പരാജയമാണിത്. ഇവിടെ പരാജയപ്പെടുന്നത് സാധാരണക്കാരനാണ്.
"കാണംവിറ്റും ഓണമുണ്ണണമെന്ന' പഴയ ഓണസങ്കല്പം പോലെ "കാണംവിറ്റും കുട്ടികളെ പഠിപ്പിക്കണമെന്ന' മോഹമാണ് ഇന്നത്തെ രക്ഷിതാക്കള്ക്ക്. തങ്ങള്ക്കു ലഭിക്കാന് കഴിയാതെപോയ പഠന
സൗകര്യം തങ്ങളുടെ മക്കള്ക്കു നിഷേധിക്കപ്പെടരുതെന്ന് ഏതൊരു രക്ഷിതാവും ആഗ്രഹിക്കുന്നു. എന്നാല് മലര്പ്പൊടിക്കാരന്റെ സ്വപ്നംപോലെ എല്ലാം മോഹങ്ങളെല്ലാം തെരുവീഥിയില് തൂവിപ്പോകുകയാണ്.
ഒരുകാലത്ത് ദാരിദ്യ്രവും അടിമത്തവും ജാതിമേല്ക്കോയ്മയും തങ്ങള്ക്കു നിഷേധിച്ച വിദ്യാഭ്യാസം കുട്ടികള്ക്ക് നിഷേധിക്കപ്പെടാതിരിക്കാന് കിണഞ്ഞു ശ്രമിക്കുന്ന സാധാരണക്കാരന്റെ ആഗ്രഹങ്ങള് ദുഃസ്വപ്നമായിമാറുകയാണ്. ജീവിത സാഹചര്യം കൊണ്ട് മാര്ക്കില് പിന്തള്ളപ്പെട്ടുപോകുന്ന തങ്ങളുടെ മക്കള്ക്ക് പഠിക്കാനൊരവസരം സര്ക്കാര് നിയമം കൊണ്ടുതന്നെ നിഷേധിക്കുന്നു. പടിപടിയായി പുരോഗതിയിലേക്കു നടന്നടുക്കുന്ന രാജ്യമാണ് നമ്മുടേത്. തുടക്കത്തിലെ ദാരിദ്യ്രവും അവശതയും തരണംചെയ്ത് തങ്ങളുടെ മക്കളെ നല്ലവിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചുയര്ത്താന് ശ്രമിക്കുന്പോള് റഗുലര് കോളജുകളില് അവര്ക്കു പ്രവേശനം നിഷേധിക്കപ്പെടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലുള്ള കുട്ടികളെക്കാള് മിടുക്കരായിട്ടും കുടുംബത്തിന്റെ നിസ്സഹായവസ്ഥയില് പിന്തള്ളപ്പെടുന്നവര്ക്ക് കച്ചിത്തുരുന്പായിരുന്നത് പാരലല് മേഖലയാണ്. ഇവിടെ പദമൂന്നി വിജയത്തിലേക്കു കുതിച്ചുയര്ന്ന നിരവധിപേരുണ്ട്. ഒരുപക്ഷേ, റഗുലര് വിദ്യാഭ്യാസത്തിലൂടെ കടന്നുവന്നവരേക്കാള് കൂടുതല്.
എന്നാല് ഈ മേഖല വളരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല ഇതിനെതകര്ക്കാന് തുനിയുക കൂടിയാണ് കാലാകാലങ്ങളിലെ ഭരണകൂടങ്ങള്. ഈ മേഖലയില് പ്രവര്ത്തിക്കുന്നവരൊഴികെ മറ്റാരും ഇവര്ക്കുവേണ്ടി ശബ്ദിക്കാനില്ലെന്ന അവസ്ഥയാണ് ഇന്ന്. രാഷ്ട്രീയക്കാര്ക്കു വേണ്ടത് ചുടുചോര മന്തിക്കാന്വേണ്ട കുട്ടിക്കുരങ്ങന്മാരെയാണ്. തള്ളക്കോഴി ചിറകിന്കീഴില് സംരക്ഷിക്കുന്നപോലെ ഞങ്ങളുടെ വിദ്യാര്ഥികളെ സംരക്ഷിക്കുന്നതിനാല് ഈ രംഗത്തുനിന്നു രാഷ്ട്രീയ ചട്ടുകങ്ങളെആര്ക്കും ലഭിക്കാറില്ല. അവരാകട്ടെ ഇവരുടെ കാര്യങ്ങളില് സജീവമായി ഇടപെടാറുമില്ല.
"സ്വാശ്രയ വിദ്യാഭ്യാസ' മെന്നത് കാലംതെറ്റിവന്ന നവീനാശയമാണെന്നതാണ് യാഥാര്ഥ്യം. സാധാരണക്കാരന് നിഷേധിക്കപ്പെടുന്ന പഠനാവകാശങ്ങള് സംരക്ഷിക്കാന് സ്വാശ്രയമേഖലയ്ക്കായിട്ടില്ല.
""ഉള്ളവന് വീണ്ടും കൊടുക്കപ്പടും ഇല്ലാത്തവനില്നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും'' എന്നുപറഞ്ഞപോലെ സാന്പത്തികസുരക്ഷിതത്വമുള്ള മതങ്ങളും വ്യക്തികളും സ്വാശ്രയമേഖല പങ്കിട്ടെടുത്തപ്പോള് സാധാരണക്കാരന് പെരുവഴിയിലായി. അവന് ആശ്രയം സമാന്തരമേഖലമാത്രം.
സ്വാശ്രയമേഖലയിലെ ഫീസ്ഘടനഞെട്ടിപ്പിക്കുന്നതാണ്. പ്രൊഫഷണല് വിദ്യാഭ്യാസരംഗത്താകട്ടെ തീരാത്തപ്രശ്നങ്ങള് എല്ലാവര്ഷവും തലവേദനയാകുന്നു. ബിരുദബിരുദാനന്തര രംഗത്ത് സ്വാശ്രയ മേഖലയിലെപ്പോലെ പ്രശ്നങ്ങള് തലപൊക്കാതിരിക്കാന് കാരണം സമാന്തരമേഖലയാണ്. ഈ പ്രസ്ഥാനം ഇല്ലായിരുന്നെങ്കില് ബിരുദബിരുദാനന്തര വിദ്യാഭ്യാസരംഗവും നേരത്തെ സൂചിപ്പിച്ച കൂട്ടര് ലേലംവിളിച്ച് പങ്കുവയ്ക്കുമായിരുന്നു.
മെഡിക്കല്എന്ജിനിയറിംഗ് സ്ഥാപനങ്ങള് ആയാസരഹിതമായി കൊണ്ടുപോകാന് പ്രാപ്തരായവര് സമാന്തരമേഖലയിലുണ്ട്. അനാവശ്യതാരപദവി പ്രൊഫഷണല്കോഴ്സുകള്ക്കു കൊടുത്തതാണ് ഈ രംഗത്തെ സാധാരണക്കാരന്റെ ശാപം. കോഴ്സ് നടത്തുന്നവര് വന്കിടക്കാര്, കോഴ്സില് ചേരുന്നവര് അതിലും വലിയവര്പടിക്കുപുറത്തായി സാധാരണക്കാരന്.
ആവര്ത്തിക്കുന്നു.......മെഡിക്കല്എന്ജിനീയറിംഗ് കോഴ്സുകള് സമാന്തര മേഖലയെഏല്പിക്കൂ അപ്പോഴറിയാം അതിന്റെ ഗുണനിലവാരം. താഴെക്കിടയിലുള്ള നിരവധിപേര് ഇവിടെ ഡോക്ടര്മാരും എന്ജിനീയര്മാരുമാകും. പക്ഷേ, ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയെ അതേപടി നിലനിര്ത്താന് ആഗ്രഹിക്കുന്നവര് ഇതിനു തുനിയില്ലെന്നതു തീര്ച്ച. ഗോവിന്ദനെ കോന്തനും ഗോപിയെ കോണിയും സീതയെ ചിരുതയുമാക്കിയ സവര്ണ വിഭാഗം ഇന്ന് സന്പന്നന്റെ റോളിലാണ്. അവരുടെ മക്കള്ക്ക് ലഭിക്കുന്ന ഉന്നത പരിവേഷം മറ്റാര്ക്കും വിഭജിക്കപ്പെടാതിരിക്കുന്നതില് ഇവര് ബദ്ധശ്രദ്ധരാണ്.
സമാന്തര പ്രസ്ഥാനം സമൂഹത്തിന്റെ പുറംപോക്കിലായവര്ക്ക് അത്താണിയാകുക മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിനു വഴിതുറക്കുക കൂടിയാണ് ചെയ്യുന്നത്. സാധാരണക്കാരന്റെ ആശ്രയമായ സമാന്തരമേഖല തുടരേണ്ടത് പഠനരംഗത്തെ മാത്രമാവശ്യമല്ല; സാമൂഹിക നീതി ഉറപ്പാക്കാനും അത്യന്താപേക്ഷിതമാണ്. എല്ലാവരും തുല്യരാകുന്ന, ആരും കൂടുതല് തുല്യരാകാത്ത സാമൂഹിക വ്യവസ്ഥിതിയാണ് ഞങ്ങളുടെ സ്വപ്നം. ഒരുപാട് മുന്നോട്ടു പോകാനുണ്ട്. വഴി മുഴുവന് അന്ധകാരാവൃതമാണ്; നിറയെ ചതിക്കുഴികളും. സമാന്തര മേഖല തളരില്ല. തീയില് കുരുത്തതാണിത്. അധികാര വര്ഗത്തിന് സമാന്തരത്തെ ചുട്ടുപൊള്ളിക്കാനാവില്ല തീര്ച്ച.
: