സമാന്തരത്തിന്റെ പെരുവിരല്

""തനിക്കിനിയും അതു കഴിയും....''

 ഏകലവ്യന് മനസ്സില് പലവുരു ആവര്ത്തിച്ചു. ""വിദ്യകള് ആവര്ത്തിച്ചാല് ആഴത്തില് ഗ്രഹിക്കാനാവുമെന്നും ആത്മവിശ്വാസമേറുമെന്നും "ദ്രോണര്' പറയുന്നത് എത്രതവണ കേട്ടിരിക്കുന്നു!''

""എങ്കിലും എന്തിനാണ് രാജഗുരുവിന് തന്റെ പെരുവിരല്! ചോദിച്ചാല് താന്വളര്ന്ന കാടുതന്നെ ഗുരുവിനു കൊടുക്കുമായിരുന്നു. ഹസ്തിനപുരിയിലെ രാജനീതി ഇതായിരിക്കും. വെറും കാട്ടാളനും ചണ്ഡാളനുമായ തനിക്കാണ് തെറ്റുപറ്റിയത്. ഗുരുവിന്റെ മനസ്സറിയാനായില്ലല്ലോ. ഏതു വിദ്യയും ഗുരുവിന്റെ മനസ്സില് തെളിയും മുന്പ് താന് പഠിച്ചിരുന്നു. ഗുരു ആവശ്യപ്പെട്ട ദക്ഷിണ എന്താണെന്ന് അറിയാന് കഴിഞ്ഞില്ലല്ലോ''. തന്റെ കാട്ടാള ജന്മത്തെ ഏകലവ്യന് ശപിച്ചു.

രാജപുത്രന്മാര് കാട്ടില് നായാട്ടിനിറങ്ങിയാല് ഏകലവ്യന് ഒളിച്ചിരുന്ന് അവരുടെ വീരകൃത്യങ്ങള് കാണും. ഭീഷ്മപിതാമഹനാണ് കൗരവപാണ്ഡവ കുമാരന്മാരെ വനത്തില് കൊണ്ടുവന്നിരുന്നതെന്ന് വളരെ കഴിഞ്ഞാണ് ഏകലവ്യനു മനസ്സിലായത്. അതില് വളരെ തേജസ്വിയായ കുമാരനെകണ്ടപ്പോള് കണ്ണു പറ്റാതിരിക്കാന് മുഖംതിരിച്ചു. പക്ഷേ, ആയില്ല. ""എത്ര കൃത്യമായാണ് കുമാരന് അന്പെയ്യുന്നത്.''

മരക്കന്പുകള് കൂട്ടിക്കെട്ടി ഏകലവ്യനും അന്പും വില്ലുമുണ്ടാക്കി എയ്തുനോക്കി. കാട്ടാളന്റെ അന്പ് എങ്ങിനെ ലക്ഷ്യത്തിലെത്താന്. ഓടുന്ന കാട്ടുമൃഗങ്ങളെ പതിയിരുന്ന് നേര്ക്കുനേര് ആക്രമിക്കാന് അവനു കഴിയും.

""10 ആനയുടെ ശക്തിയാണ് തനിക്കെന്ന് കൂട്ടുകാര് ആശ്ചര്യത്തോടെ പറയുമായിരുന്നു. ആയുധം കൊണ്ടുള്ള വിദ്യ എന്നും തനിക്ക് അകലെയായിരുന്നു. ഭീഷ്മ പിതാമഹനായിരിക്കും കുമാരന്മാരെ അസ്ത്രവിദ്യ പഠിപ്പിച്ചത്. അല്ല, സന്യാസി പോലെ ഒരാള് കൂടെനിന്ന് അവരെ പരിശീലിപ്പിക്കുന്നു. കാട്ടില് പര്ണശാലയൊരുക്കി തപസ്സനുഷ്ഠിക്കുന്ന സന്യാസിക്ക് ഈ കഴിവോ'' ഏകലവ്യന് ഉത്തരം ലഭിക്കാന് കുമാരന്മാരുടെ കൂടെ ഒളിച്ച് ഹസ്തിനപുരിയിലേക്ക് വരേണ്ടി വന്നു. അവിടെ രാജഗുരുവിന്റെ സ്ഥാനത്തിരിക്കുന്ന സന്യാസിയെ ഭീഷ്മപിതാമഹന് പോലും ഭയഭക്തി പൂര്വം പരിചരിക്കുന്നു. കുമാരന്മാര് ആജ്ഞകള് അനുസരിക്കാന് മത്സരിക്കുന്നു. ദ്രോണര് ആണ് ആ സന്യാസിയെന്ന് തിരിച്ചറിയാന് പിന്നെയും നാളുകളെടുത്തു. അസ്ത്ര വിദ്യയില് ഈ ഗുരുവിനെവല്ലാന് ഹസ്തിനപുരിയിലെന്നല്ല ലോകത്തുതന്നെ ആരുമുണ്ടാകില്ലെന്നവനു ബോധ്യമായി. ആശ്ചര്യം ആദരവിനു വഴിമാറി. ആയുധ വിദ്യ അഭ്യസിക്കാന് ആചാര്യനെസമീപിക്കതന്നെ. അപേക്ഷ നിരസിക്കപ്പെട്ടപ്പോള് പിന്തിരിയാനല്ല കാട്ടാളനു തോന്നിയത്. തന്റെ ജന്മത്തെ വീണ്ടും ശപിച്ച് മണ്ണുകൊണ്ട് ദ്രോണരുടെ പ്രതിമയുണ്ടാക്കി. പ്രതിമയെ ഗുരുവായികരുതി പൂജിച്ച്

ആയുധാഭ്യാസം തുടങ്ങി.

കുമാരന്മാര് ധനുര് വിദ്യയഭ്യസി

ക്കുന്ന സ്ഥലം കൂറ്റന് മതില് കൊണ്ട് മറച്ചിരി ക്കുകയാണ് ""....ആ സ്വരം രാജഗുരുവിന്റേതാണ്. ആരെയാണ് ദ്രോണര് പ്രശംസിക്കുന്നത്... അര്ജുന നെയാണ്...'' ആ കുമാരന് പറഞ്ഞു കൊടുക്കുന്ന വിദ്യകള് മതില്കെട്ടിനു പുറത്തുനിന്ന് ഹൃദിസ്ഥ മാക്കി. കാട്ടില് തിരിച്ചെത്തിയാല് വേട്ടയ്ക്കിറങ്ങാ റില്ല. പ്രാകൃതമായ തന്റെ അന്പും വില്ലുമെടുത്ത് അഭ്യാസം തുടര്ന്നു. അങ്ങനെയൊരു ദിവസം ദ്രോണരോടൊപ്പം കൂമാരന്മാര് കാട്ടിലെത്തി. ""ഈ പട്ടിയെക്കൊണ്ടു തോറ്റു. കുമാരന്മാരുടെ മാത്രമല്ല തന്റെയും ശ്രദ്ധ തെറ്റിക്കുന്ന ഓലിയിടല്. ഇതൊന്നവസാനിപ്പിച്ചിട്ടുതന്നെ കാര്യം. അന്പുകള് ഓരോന്നായി എയ്തു. കൃത്യം എല്ലാം പട്ടിയുടെ വായില്...''

മോങ്ങാനാവാതെ പട്ടി പായുന്നത് ഏകലവ്യന് തെല്ലു തമാശയോടെ ആസ്വദിച്ചു. അപ്പോഴാണ് ദ്രോണരുടെ വരവ്.

""രാജഗുരു തന്റെയരികിലോ...''

ഗര്ജനംപോലെ ഗുരുവിന്റെ ചോദ്യം

""അസ്ത്ര വിദ്യയില് ആരാണ് ഗുരു?''

തന്റെ ഗുരുവാരെന്നാ!. ദ്രോണരല്ലാതെ മറ്റൊരു ഗുരുവിനെകുറിച്ച് ഏകലവ്യന് ചിന്തിച്ചിട്ടേയില്ല. രാജഗുരുവിനെചൂണ്ടി നിശ്ശബ്ദനായി നിന്നു. എന്തായിരിക്കും ഗുരുവിന്റെ മനസ്സില്. ശിഷ്യന്റെ കഴിവില് അഭിമാനിക്കാത്തവരുണ്ടാകുമോ. അതോ ആയുധവിദ്യ അഭ്യസിക്കാന് ഒരിക്കല് സമീപിച്ചപ്പോള് നിഷേധിച്ച ദ്രോണര് കോപിക്കുമോ. രണ്ടുമുണ്ടായില്ല. വിദ്യകള് ഓരോന്നായി കാണിക്കാന് ദ്രോണര് ആവശ്യപ്പെട്ടു. ഗുരു അടുത്തുണ്ടായിട്ടും മനസ്സില് തന്നെ ഗുരുവിനെകണ്ട് അതിസൂക്ഷ്മമായി അവന് അസ്ത്രവിദ്യകള് ഓരോന്നായി പുറത്തെടുത്തു. കാട്ടാളമനസ്സ് ഏകാഗ്രമാകണമെങ്കില് ശത്രുവിനെ കാണണം. അരുതെന്ന് മനസ്സു വിലക്കിയെങ്കിലും "അര്ജുനനെ' എതിരാളിയായി മനസ്സില് കണ്ടു. അസ്ത്ര പ്രയോഗം കണ്ട് ദ്രോണര്ക്ക് അഭിമാനമല്ല പകയാണുണ്ടായതെന്ന് പാവം കാട്ടാളപ്പയ്യന് അറിഞ്ഞില്ല. ഹസ്തിനപുരിയുടെ ഭാഗം തന്നെയാണ് ഏകലവ്യന്റെ കാട്. എന്നാല് "രാജനീതി' ചണ്ഡാളന്മാര്ക്കുള്ളതല്ല. ദ്രോണര് ഏകലവ്യന്റെ പെരുവിരല് സൂക്ഷിച്ചുനോക്കി. എത്ര സമര്ത്ഥമായാണ് ഈ പയ്യന് അന്പെയ്യുന്നത്. തന്റെ ശിഷ്യന് അര്ജുനന് ഇവന്റെയടുത്ത് വെറും നിഴല്. ദ്രോണരുടെ മുഖം കറുത്തു. അര്ജുനന് സമാന്തരമായി ഒരാള് പാടില്ല. ആ വക്രബുദ്ധിയില് സൂത്രങ്ങള്ക്ക് ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല.

""...ഞാന് നിന്റെ ഗുരുവാണെന്നാണോ പറയുന്നത്...''

ഏകലവ്യന് കണ്ണടച്ചു മനസ്സില് ഗുരുവിനെവീണ്ടും കണ്ട് തലയാട്ടി.

""... എങ്കില് ദക്ഷിണ...''

""എന്തും കൊടുക്കാന് തയ്യാറായിരുന്നു തന്റെ കാട്... തന്നെ മുഴുവന്...''

പെരുവിരല് മുറിക്കാനും കാട്ടാള മനസ്സിന് മടിയുണ്ടായില്ല

""പക്ഷേ, എന്തിനാണ് തന്റെ പെരുവിരല്മാത്രം രാജഗുരു ചോദിച്ചത്. ? ''

ഇലയില് പൊതിഞ്ഞ ഛേദിക്കപ്പെട്ട തള്ളവിരലില് കട്ടുറുന്പുകള് കട്ടപിടിക്കാന് തുടങ്ങിയിരുന്നു. തന്റെ മനസ്സിലാണ് ഉറുന്പരിക്കുന്നത്. ഏകലവ്യന് വീണ്ടും കണ്ണുകളടച്ചു. മനസ്സിലെ ഗുരുവിന് സമാന്തരമായി മറ്റൊരു ഗുരുവില്ല. മണ്ണുകൊണ്ടുണ്ടാക്കിയ ദ്രോണരുടെ പ്രതിമ മനസ്സില് ആവര്ത്തിച്ചുറപ്പിച്ചു. കളങ്കമില്ലാതെതന്നെ ഗുരുവിരിക്കട്ടെ. അര്ജുനന് ഒന്നാമനായിക്കോട്ടെ.

"' ഈ പെരുവിരല്...''

""ഇലയില് പൊതിഞ്ഞ് ചോരയിറ്റുവീഴുന്ന മാംസക്കഷ്ണംമാത്രമാണത്. തനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല... നേടാന് ഒന്പതു വിരല് തന്നെ ധാരാളം!'’

: