കാലത്തിനൊരുമുഴം മുന്പ് ആര്യഭട്ടയുടെ മാഗസിന്

സ്ത്രീ ഇരയാകുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന പെണ്ദുരിതകാലത്താണ് ആര്യഭട്ടയിലെ പെണ്കുട്ടികള് ഈ വര്ഷത്തെ കലാലയ മാഗസിന് പുറത്തിറക്കിയത്. അനുദിനമല്ല, അനുനിമിഷം പെണ്കുട്ടികള്ക്കുനേരെ വലുപ്പ ചെറുപ്പമില്ലാതെ അക്രമികള് കിരാതവാഴ്ച നടത്തുന്നു. "മണ്ണിരകള്' എന്ന ഉപതലക്കെട്ടോടെ 2012 13 ലെ മാഗസിന് പുറത്തിറങ്ങിയത് ഈ വിദ്യാഭ്യാസ വര്ഷത്തിലെ ആദ്യമാസം തന്നെയായിരുന്നു. അതിനുശേഷം നിരവധി ദിനരാത്രങ്ങള് കടന്നുപോയി ഒപ്പം സ്ത്രീകള്ക്കുനേരെയുള്ള അക്രമങ്ങളും

സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് ആഘോഷമാക്കുന്ന വാര്ത്തകളുടെ വര്ത്തമാനലോകത്താണ് നാമെല്ലാം. സ്ത്രീ ഒരേ സമയം ഇരയും അവളറിയാതെ തന്നെ മറ്റുള്ളവരെ കുടുക്കാന് ഉപയോഗപ്പെടുത്തുന്ന "മണ്ണിര'യുമാകുന്നു. മനുസ്മൃതിയിലെ സ്ത്രീ സ്വാതന്ത്യ്രത്തിന്റെ ചട്ടക്കൂടില് നിന്ന് നാമിന്നും മോചിതരായിട്ടില്ല. ചവിട്ടിയരയ്ക്കപ്പെടുകയും വശീകരിക്കാന് ഉപയോഗപ്പെടുത്തുകയുമാണ് സ്ത്രീജന്മങ്ങളെ നാമിന്നും. വളരെ ആലോചിച്ചുതന്നെയാണ് ആര്യഭട്ടയിലെ പെണ്കുട്ടികള്, ഞങ്ങള്, "മണ്ണിരകള്' എന്ന ഉപതലക്കെട്ട് നല്കിയത്. കഴിഞ്ഞ 30വര്ഷമായി പുറത്തിറക്കുന്ന "പ്രതിഭ'യുടെ ഉപതലക്കെട്ടിനെകുറിച്ച് അഭിപ്രായങ്ങള് നിരവധിയുണ്ടായെങ്കിലും ആ പേരില് തന്നെ ഉറച്ചുനില്ക്കുകയായിരുന്നു. "മണ്ണിരകള്' അനുനിമിഷവും അന്വര്ഥമാകുന്നത് നൊന്പരത്തോടെയാണ് കാണുന്നത്. ഡല്ഹിയിലും, പറവൂരും, തലശ്ശേരിയിലുമൊക്കെയുണ്ടായ പേണ്വേട്ടക്കെതിരേ, അതിന് എത്രയോ മാസങ്ങള്ക്കുമുന്പ് ഞങ്ങള് ഒരു ചെറുചൂണ്ടുപലകയിടുകയായിരുന്നുവെന്ന് ഇപ്പോള് തിരിച്ചറിയുന്നത് ഉള്നിറയുന്ന വിങ്ങലോടെയാണ്. "നന്മയുറങ്ങുന്ന ... അമ്മ? ' എന്ന ആദ്യലേഖനത്തിന്റെ അപൂര്ണ തലക്കെട്ടില് എല്ലാം ഒളിഞ്ഞിരിക്കുന്നു. പൊരിവെയിലില് ഒരു തണല്പോലുമില്ലാതെ പെണ്ജന്മത്തിന്റെ ഉദാത്ത പരിണാമമായ അമ്മ കണ്ണീരൊഴുക്കുന്നത് കാലിക കേരളത്തിന്റെയും ഭാരതത്തിന്റെയും പ്രതീകാത്മക വാങ്മയ ചിത്രമാണ്, "കേരളം ചോരക്കളം', "മകളേ നിനക്കുവേണ്ടി' എന്നീ ലേഖനങ്ങളിലും തുടര്ന്നുവരുന്ന നിരവധി കവിതകളിലും കരളുരുക്കുന്ന ആ അശയം തന്നെയാണ് മുന്നിട്ടുനില്ക്കുന്നത്.

അമ്മയുടെ ഗര്ഭപാത്രത്തില് വച്ചുതന്നെ പീഡിപ്പിക്കപ്പെടുന്ന "സ്ത്രീത്വ'ത്തെയാണ് കവിതകളില് പ്രതിഫലിപ്പിക്കാന് ശ്രമിച്ചിട്ടുള്ളത്. ഒപ്പം ആനത്തറവാട്ടിലെ വിശേഷങ്ങള് വിളന്പിയും സാംസ്കാരിക നായകന്മാരുടെ ലേഖനങ്ങള് പ്രസിദ്ധീകരിച്ചും മാഗസിന് മിഴിവുറ്റതാക്കാന് ശ്രമിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ ശ്രേഷ്ടഭാഷകളില് ഒന്നായ മലയാളത്തോടൊപ്പം ദേശീയഭാഷയായ ഹിന്ദിയിലും ഉപയോഗഭാഷയില് മുന്നിട്ടുനില്ക്കുന്ന ആംഗലേയ ഭാഷയിലും കവിതകളും ലേഖനങ്ങളും അഭിമുഖങ്ങളും നല്കാന് മാഗസിന് കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്താണ് നാമിന്ന്. ഈ ദൃശ്യഭംഗിയാസ്വാദനം കഴിയുംവിധത്തില് മാഗസിനില് ഉള്ക്കൊള്ളിക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീകളുടെ പരിമിതികളില്നിന്നുള്ള കുതറിച്ചാട്ടമാണ് "ലേഔട്ടില്' പ്രതിഫലിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞവര്ഷം പാരലല് കോളേജ് മാഗസിന് മത്സരത്തില് ലഭിച്ച ഒന്നാം സ്ഥാനം ഞങ്ങള്ക്ക് ഏറെ ആത്മവിശ്വാസം നല്കിയിട്ടുണ്ട് ഒപ്പം മനുസ്മൃതിയിലെ സ്ത്രീ സങ്കല്പങ്ങളെ വിസ്മൃതിയിയാക്കുമെന്ന പ്രതിജ്ഞയും ഞങ്ങള്ക്കുണ്ട്.

: